Thursday, December 1, 2011

ഡിസംബര്‍ ലക്കം



പുസ്തകം1 . ലക്കം 2 . ഡിസംബര്‍  2011 email malayalabhoomika@gmail.com
************************************************************
"മലയാളഭൂമിക" ഫെയിസ്ബുക്ക് ഗ്രൂപ്പിന്റെ ബ്ലോഗുമാഗസിന്‍
************************************************************


വിഭവങ്ങള്‍
=================================== 
കവിത
മുള്ള്             ---എം എന്‍ ശശിധരന്‍
പ്രവേശനം  --  ശിവശങ്കരന്‍ കരവില്‍
പിന്‍വിളി  --ദിലീപ് നെല്ലുള്ളിക്കാരന്‍


ഉത്തരങ്ങള്‍ തേടി.  --  വി  മുരളീധരന്‍ താരാപ്പൂര്‍
ഒരു ശരത്ക്കാലസന്ധ്യയില്‍ --  ജ്യോതി ഉണ്ണിരാമന്‍
ചൂന്നെടുക്കപ്പെട്ട ഇടം കണ്ണ് .....  മനോജ്‌ കുമാര്‍
വാല്‍നക്ഷത്രം അടയാളപെടുത്തുന്നത്!--  ഗീത രാജന്‍
കരിന്തിരികള്‍  --- ബിപിന്‍ ആറങ്ങോട്ടുകര.
സ്മാര്‍ത്തവചനങ്ങള്‍ --    സി എന്‍ കുമാര്‍

കഥ
സാക്ഷി മൊഴികള്‍  --  സിയഫ് അബ്ദുല്‍ഖാദിര്‍
ഒരു ചോദ്യം .. ഒരു ചോദ്യം മാത്രം ..-- ഷാഹുല്‍ ഹമീദ്  പേരകം
പാണ്ടികശാലയുടെ സന്തതി --  സാജിത അബ്ദുല്‍റഹിമാന്‍


ചിന്ത

ബി ടി മനുഷ്യന്‍ ( B T MEN )  സി എന്‍ കുമാര്‍

==================================================================

മുഖമൊഴി


വേട്ടയാടപ്പെടുന്ന സ്ത്രീത്വങ്ങള്‍ 
=====================================================================
 

 മാധ്യമങ്ങളിലെ ചൂടന്‍വാര്‍ത്തകള്‍ എപ്പോഴും ചവിട്ടിയരയ്ക്കപ്പെട്ട സ്ത്രീത്വത്തെ കുറിച്ചാണല്ലോ?. യാത്രയിലും അല്ലാതെയും സ്ത്രീകള്‍ക്കുനേരെ   വര്‍ദ്ധിച്ചു  വരുന്ന  അതിക്രമങ്ങള്‍ ഒരു സാംസ്ക്കാരികമായ അപജയം തന്നെയാണ്. അത് ആര്‍ക്കും തടയാന്‍ കഴിയാത്ത  തരത്തില്‍   വളര്ന്നുകൊണ്ടിരിയ്ക്കുന്നു. ആരാണ് ഇതിനു  ഉത്തരവാദികള്‍?  സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ പൊടിപ്പും തൊങ്ങലും വച്ച് പുനരാവിഷ്ക്കരണം നടത്തി നമ്മുടെ സ്വീകരണമുറികളിലെത്തിയ്ക്കുന്ന ദൃശ്യമാധ്യമങ്ങള്‍ തൊട്ടു താഴോട്ടു നമ്മുടെ വീടുകളില്‍ വരെ അതിന്റെ  വേരെത്തിനില്‍ക്കുന്നു. ഇതില്‍ വളരെ ശ്രദ്ധേയമായ് ഒരു കാര്യം കുറ്റവാളികള്‍ മിയ്ക്കപ്പോഴും കൌമാര പ്രായക്കാരാണ് താനും.

=====================================================

കരിന്തിരികള്‍

ബിപിന്‍ ആറങ്ങോട്ടുകര.


































കഴിഞ്ഞുവോ ഉത്സവഘോഷങ്ങള്‍,മേളങ്ങള്‍..?
ഒടുങ്ങുന്നു ആഘോഷ തിമിര്‍പ്പുകള്‍ തന്നാരവം...
ഇനിയീ വഴികളിലൊന്നു മാത്രംശേഷിപ്പൂ,അണയുമൊരു
കരിന്തിരി, ചവച്ചു തുപ്പിയൊരു കടലാസ്തുണ്ട്,
മടിക്കുത്തഴിഞ്ഞൊരു മാനത്തിന്‍ കണ്ണുനീര്‍..   .
ഓടയില്‍ തകര്‍ന്നൊരു ചില്ല് കുപ്പി, കുപ്പയില്‍ തള്ളിയൊരു
പളുങ്ക് പാത്രം..വിലയില്ലത്തൊരു നരജന്മം....
പദം പദം താനേ പതിഞ്ഞു ..അകത്തളങ്ങളില്‍
കരിയുന്നു സ്ത്രീ ജന്മമൊരു കരിന്തിരിയായി..

ഇരുള്‍ വീണോരു ഗോവണി തന്നിടവഴിയില്‍
അമര്‍ന്നു പോയൊരു ബാലിക തന്‍ ഞെരക്കമൊരു
കുഞ്ഞു കുരുവി തന്‍ നെഞ്ചകം ഞെരിഞ്ഞത് പോല്‍.
കൊത്തുന്നു കഴുകന്മാരീ ശവങ്ങള്‍ തന്നസ്ഥിയില്‍
നിര്‍ലജ്ജമീ മാനുഷര്‍ തലയാട്ടി രസിച്ചു കേള്‍പ്പൂ ..
വീണ്ടുമീ ശവങ്ങള്‍ ഭുജിക്കുന്നു..ശയിക്കുന്നു
മെത്തമേല്‍ സസുഖം..കാണ്മൂ രസമോടെയീ 'കഥകളി'കള്‍ ..

ഒരു പതിഞ്ഞ പദം.പുറപ്പാട് കഴിഞ്ഞുവോ.
കഴിഞ്ഞുവോയീക്കഥകള്‍ ..തിരക്കഥ തീര്‍ന്നുവോ??
എവിടെയാ മധുരമനോജ്ഞമാം സ്വര്‍ഗ്ഗ തീരങ്ങള്‍?
എവിടെയാ സുന്ദര സുരഭില മുഹൂര്‍ത്തങ്ങള്‍??

ഒന്ന് തഴുകി ,തലോടിയോമനിക്കുമാ കവികള്‍
തന്‍ പ്രേമ പുരുഷനെവിടെ? എവിടെയാ
പ്രേമ തീരങ്ങള്‍?എവിടെയാണനുരാഗികള്‍
തന്‍ പ്രണയ സുന്ദര തീരങ്ങള്‍??
കുഞ്ഞു കുരുവികള്‍ ചതഞ്ഞരഞ്ഞു തീരുമീ
കറുപ്പിന്‍ തീരമൊരു ശാപ ഭൂമിയോ?
ഇല്ല പ്രണയവുമില്ല,മോഹവുമിനിയൊരു
ജന്മമീ ,മണ്ണിലൊരു നാരിയായിജനിച്ചീടുവാന്‍..

പദം പദം താനേ പതിഞ്ഞു ..അകത്തളങ്ങളില്‍
കരിയുന്നു സ്ത്രീ ജന്മമൊരു കരിന്തിരിയായി..

                  
(സ്ത്രീ അമ്മയാണ്.ദേവിയാണ്,സര്‍വം സഹയാണ്...പ്രകൃതിയാണ് ,ഈ പ്രപഞ്ചമാണ്!! കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കുമായി ഇത് ഞാന്‍ സമര്‍പ്പിക്കുന്നു..)
===============================================

കഥ

ഒരു ചോദ്യം .. ഒരു ചോദ്യം മാത്രം ..


 ഷാഹുല്‍ ഹമീദ്  പേരകം



''അമ്മിണിപാലം കടന്നാല്‍ പിന്നെ അമ്മെ കണ്ടു മരിക്കില്ലാ .....''
ചിരട്ടക്കാരന്‍ വറതുണ്ണിയേട്ടന്‍ കുടിച്ചു ഫിറ്റായി വെല്ലു വിളിതുടങ്ങി..
''റോഡിന്‍റെ അധികാരം ഗവണ്മെന്റിനാണെങ്കില്‍...ചിരട്ടേടെ അധികാരം വറുതുണ്ണിക്ക് ...''
മൌലീക അവകാശമാണ് .ആര്‍ക്കും എതിര്‍പ്പില്ലാ. ..
''വളഞ്ഞു പുളഞ്ഞു കിടക്കണ റോഡേ,..പോരിനു വാടാ തെമ്മാടി ...''
റോഡ്‌ ഒന്ന് പതറി ..പിന്നെ പഴയത് പോലെ തന്നെ കിടന്നു.
''നീ കമ്മൂണിസ്റ്റ് പച്ചയാണെങ്കിലും... എന്നെ വെല്ലുവിളിക്കാന്‍ നിക്കരുത്‌ ''.
കാറ്റത്താടിയ കമ്മൂണിസ്റ്റ് പച്ച ഒന്ന് ഒതുങ്ങി നിന്നു.....
''മസ്സില് പെരുപ്പിച്ചു നീ നോക്കരുത് ...''.
വഴിയില് കെട്ടിയ പോത്തിനോടായി ശൌര്യം ...
''ഈ നെഞ്ച് നിനക്ക് കേറ്റാനുള്ളതല്ലാ..''..
സൈക്കിള്‍ യാത്രക്കാരനെ തടഞ്ഞുനിറുത്തി തന്‍റെ നയം വ്യെക്തമാക്കി ...

ഈ കഥ തല്‍ക്കാലം ഇവിടെ നിക്കട്ടെ ..നമുക്ക് പിന്നീട് തുടരാം ..ഒരു സംശയം
ചോദിക്കട്ടെ ...ഇപ്പോഴത്തെ കുടിയന്‍മാര്‍ക്ക് എന്ത് പറ്റി ..?ഒരു ചൂരും, അനക്കവുമില്ലാ ..
ആ തലേക്കെട്ടും പത്രാസ്സുമൊക്കെ എവിടെപോയി .....?.....


കവിത

മുള്ള് 
---------
എം എന്‍ ശശിധരന്‍



തീര്‍ച്ചയുള്ളൊരു മുള്ള്
നെഞ്ചില്‍ വെച്ച് പോയവള്‍, നീ.
പട്ടട കത്തുമ്പോഴും അറിഞ്ഞിരുന്നു,
അതിന്റെ മൂര്‍ച്ച,
എന്റെ നോട്ടത്ത്തിലേക്ക്
സാക്ഷയിട്ട നിന്റെ
വിരല്‍പ്പാട്,
അസ്ത്രം പോലെ കരളിലുണ്ട്,
നാം പിരിഞ്ഞിടത്ത്.
===============================================================

ചിന്ത

ബി ടി മനുഷ്യന്‍ (B T MEN )


സി എന്‍ കുമാര്‍


ബി ടി ബ്രിഞ്ഞാല്‍ ,ബി ടി കോട്ടന്‍,എന്നൊക്കെ നാം കേട്ടിട്ടുണ്ട്.ജനിതക മാറ്റം വരുത്തിയ ഈ വക സാധനങ്ങള്‍ നമ്മുടെ മനുഷ്യരില്‍ എന്ത് പ്രതിപ്രവര്‍ത്തനം നടതുമെന്നതിനെപ്പറ്റി പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.ഞാന്‍ ചിന്തിക്കുന്നത് എന്നാണു ഒരു ബി ടി മനുഷ്യന്‍ പിറക്കുക എന്നതാണ്.ഗര്‍ഭസ്ഥ ശിശുവില്‍ ഏതെങ്കിലും വിധത്തില്‍ ഒരു ഹിംസ്ര ജീനിനെ സന്നിവേശിപ്പിച്ചാല്‍ (ഗര്‍ഭിണികള്‍ക്ക് കൊടുക്കുന്ന മരുന്നുകളിലൂടെയുമാവാം) പിറക്കുന്നകുട്ടിയുടെ സ്വഭാവത്തില്‍ ഹിംസ്സാ വാസനകൂടിയിരിക്കും . കാലക്രമേണ ഇത്തരത്തിലുള്ള കുട്ടികള്‍ കൂടുകയും നാട്ടില്‍ അരാചകത്വം വളരുകയും ചെയ്യും. ഒരു പക്ഷെ നാമിത് പറയുമ്പോള്‍ തന്നെ ഏതെങ്കിലും പരീഷണശാലയില്‍ ബി ടി മനുഷ്യനെ ഉല്പാധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാവാം. ഈ കണ്ടുപിടിത്തം വേണമെങ്കില്‍ ശത്രു രാജ്യങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി പ്രയോഗിക്കപ്പെടാവുന്നതാണ്.അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന  ഭീകരത ഒനാലോചിച്ചു നോക്കൂ.... 
========================================================


കവിത

പിന്‍വിളി

ദിലീപ് നെല്ലുള്ളിക്കാരന്‍
 






















മരണത്തിന്‍ രുചിയൂറും
പുക കുടിച്ചും
ലഹരി നങ്കൂരമിട്ട തീരങ്ങളില്‍
ചഷകത്തിന്‍റെ തീയലകള്‍
ചോരകുഴലുകളില്‍ പടര്‍ത്തിയും
അപഥസഞ്ചാരിണിയായ
അമ്രപാലിയുടെ മെയ്‌പിണര്‍ന്നു
കിടന്ന രാവു മുറുകുമ്പോള്‍
ഇരവിലാരോ പിന്‍വിളിയുതിര്‍ക്കുന്നു.

നെഞ്ചിലൊരു നീരുറവയായ്‌ ഉണര്‍ന്നവള്‍
ഹിമാകണമായെന്നെ കുള്ളിര്‍പ്പിച്ചവള്‍
പ്രണയാഗ്നിയിലെന്നെ സ്ഫുടം ചെയ്യ്‌തവള്‍
എന്റെ പ്രണയത്തിന്‍ വിഷസര്‍പ്പങ്ങള്‍ക്ക്
കാവലായ്‌ പകലു കറുപ്പിച്ചവള്‍
ഇരവിനക്കാരെ വെളിച്ചതുരുത്തായ്
പിന്‍വിളിയുതിര്‍ക്കുന്നു.

ഇന്നു ഓര്‍മ്മയുടെ ഇരുട്ടറയിലേക്ക്
മസ്തിഷ്ക സ്പന്ദനങ്ങളുടെ
വേരുകളാഴ്ത്തി പരതുമ്പോള്‍
ഉത്തരായനത്തിലെ കറുത്ത
സൂര്യബിംബമായ്‌ നീയും
ദക്ഷിണയാനത്തിലെ വറുതിയില്‍
വറ്റിയ പുഴയായ് ഞാനും

ഒരിക്കല്‍ നിന്‍റെ മിഴികളില്‍ എനിക്കായ്‌
ഉറവപൊട്ടിയ കണ്ണീര്‍ കണങ്ങളില്‍
ഞാനുരുകി പ്രതിഫലിച്ചിടുമ്പോള്‍
നമ്മുക്കിടയിലെ അക്ഷാംശങ്ങള്‍ക്കിടയില്‍
തൂങ്ങികിടന്നു പൊട്ടിച്ചിരിക്കുന്നു ചിലര്‍

വഴിമാറിയൊഴുകാന്‍ വിധിക്കപ്പെട്ടു നീ
ഏങ്ങലടിച്ചു കരയുമ്പോള്‍
എനിക്കായ്‌ പിന്‍വിളി നീ ഉണര്‍ത്തിടുമ്പോള്‍
എന്‍റെ ലഹരി തീരങ്ങളില്‍
ആളനക്കങ്ങള്‍ നിലക്കുന്നു
എന്‍റെ ബലിചോറിനായ്‌ വട്ടമിട്ടാര്‍ത്തു പറക്കുന്നു
കാക്കയുടെ ചിറകടി ഒച്ചകള്‍
വിണ്ണിലായ് പുതുപിറവികൊള്ളുന്നു
നിന്റെ സ്വപ്നങ്ങളിലേക്ക്
മറ്റൊരു ജന്മത്തിലേക്കു വീണ്ടുമൊരു പിന്‍വിളി

=========================================================

കവിത

ചൂന്നെടുക്കപ്പെട്ട ഇടം കണ്ണ് ..... 

മനോജ്‌ കുമാര്‍



 

ചൂന്നെടുക്കപ്പെട്ട ഇടം കണ്ണ് .....   
വലം കണ്ണിനു ഒന്നും പറ്റിയിട്ടില്ല..
ചോരയൊലിപ്പിച്ചു കൊണ്ട് ഇടം കണ്ണ് ചോദിച്ചു..
നീയെന്താ കരയാത്തെ ..?
സങ്കടം കാണുമ്പോ പണ്ട് നീയാണല്ലോ കൂടുതല്‍ കരഞ്ഞിരിരുന്നത്..
ഒന്നുമറിയാത്തത്‌  പോലെ
വലം കണ്ണ് ചോദിച്ചു...
നീയാരാ....?
നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ലല്ലോ...?
ഇടം കണ്ണ് പിടഞ്ഞു...
പിന്നെയും ചോദ്യം....
ഇതെന്താ ഇങ്ങനെ ..
കൂടുകാരാ വെള്ളമല്ല..ഇത് ചോരയല്ലേ..ചുവന്ന ചോര..
നീ നിന്റെ ചോര കാണുന്നില്ലേ..
വലം കണ്ണ് ..... 
നീയെന്താ..ഈ പിറ്പിറുക്കുന്നെ   .
എന്റെ കായ്ച്ചക്ക് ഒരു കുയപ്പവുമില്ല..
എനിക്കൊന്നുമറിയില്ല..ഞാന്‍ കാണേണ്ടത് ഇപ്പൊ കാണുന്നുണ്ട്..
നീയെന്നെ ശല്യപ്പെടുത്താതെ പോ.........
ചൂയ്ന്നു പോയ തന്റെ കണ്ണും തേടി ഒരു മനുഷ്യന്‍
അലയാന്‍ തുടങ്ങിക്കയിഞ്ഞിരുന്നു....
നിറങ്ങളില്ലാത്ത കായ്ച്ചയുടെ ലോകവുമായി പതുക്കെ
അയാള്‍ സമരസപ്പെട്ടു തുടങ്ങുകയായിരുന്നു..
പിടയുന്ന ജീവനുമായി കായ്ച്ചയില്ലാത്ത ഒരു മനുഷ്യനെയും കാത്തു
ഇടം കണ്ണ് തുടിച്ചു കൊണ്ടേയിരുന്നു..
വരും ആരെങ്കിലും..!

=======================================================================================


കഥ

പാണ്ടികശാലയുടെ സന്തതി


സാജിത അബ്ദുല്‍റഹിമാന്‍
 

   മകരമഞ്ഞിന്റെ കോച്ചി വലിക്കുന്ന തണുപ്പില്‍ ആ ഗ്രാമം വിറങ്ങലിച്ചിരിക്കയാണ്.കടവത്തെ പാണ്ടികശാലകളുടെ ഒരു തിണ്ണയില്‍ ഞരക്കത്തോടെ സൈനബ തന്റെ വീര്‍ത്ത വയറും താങ്ങിക്കിടക്കുകയാണ്.സ്വബോധമില്ലാത്ത  ഭ്രാന്തിയായ അവളെ ഗര്‍ഭിണിയാക്കിയതാരെന്ന് ആ ഗ്രാമത്തിലാര്‍ക്കുമറിയില്ല.നിറം മങ്ങിയ കാച്ചിത്തുണിയും ,എണ്ണമയമില്ലാത്ത പാറിപ്പറന്ന തോളോടൊപ്പം നില്‍ക്കുന്ന ചുരുണ്ട തലമുടിയും ,കണ്ണുകളിലെ നിര്‍വികാരതയും രണ്ട് കൈകള്‍  നിറയെ കറുത്ത റബ്ബര്‍ വളകളും .പിന്നെ വല്ലപ്പോഴുമൊക്കെ ചിരിക്കുമ്പോള്‍ കാണുന്ന മുറുക്കാന്‍ കറ നിറഞ്ഞ ആ പല്ലുകളും .ഇതാണു ആ ഗ്രാമത്തിലെ ആരോരുമില്ലാത്ത സൈനബ എന്നാരോ വിളിച്ച അതോ അവരുടെ പേരതാണെന്നവര്‍ ആരോടെങ്കിലും പറഞ്ഞുവോ..വ്യക്തമായറിയില്ല.എപ്പോഴുമെന്തെങ്കിലുമൊക്കെ പിറുപിറുത്തു കൊണ്ട് താഴെ നോക്കി മാത്രം നടക്കുന്ന സൈനബയുടെ വ്യക്തിത്വം  അഥവാ അടയാളങ്ങള്‍ ..ഗ്രാമത്തിലെ സുമനസ്സുകളുടെ ഔദാര്യത്തിലെന്തെങ്കിലും ഭക്ഷിച്ചിരുന്ന ആ ഭ്രാന്തി. അവളുടെ ദിനം പ്രതി  വലുതായി കൊണ്ടിരിക്കുന്ന വയറിലേക്ക് നോക്കി എല്ലവരും അതിശയത്തോടെ പറയാന്‍ തുടങ്ങി."ന്റെ റബ്ബേ ആരാ ഈ പണി പറ്റിച്ചത്.അതും ബോധല്ലാത്ത ഈ പാവത്തിനെ"ചോമാരും വേട്ടോമാരും ജോനൊന്‍മാരും മാപ്ലാരും ഒരു പോലെ മൂക്കത്ത് വിരല്‍ വെച്ചു.".ന്റെ ഒടയന്‍ തമ്പുരാനെ ഇനി ഈ പെണ്ണങ്ങനെ പെറും ".കാണെക്കാണെ വീര്‍ത്തു വന്ന ആ വയറിനെ നോക്കി സകലരും പരിതപിച്ചു.എല്ലാവര്‍ക്കും അവളുടെ അവശതകാണുമ്പോള്‍  പരിചരിച്ചെവിടേയെങ്കിലും സുരക്ഷിതമായിരുത്തണമെന്നുണ്ട്.എന്നാല്‍ സൈനബ എവിടേയും സ്വസ്ഥമായിരിക്കാനിഷ്ടപ്പെടാറില്ല.
എന്തോ തിരഞ്ഞ് അഥവാ എന്തോ മറന്നു വെച്ചതെടുക്കാനായി അവളാ ഗ്രാമം മുഴുവന്‍ നടക്കും ..പാടവരമ്പുകളിലൂടെ ഇടുങ്ങിയ ഇടവഴികളിലൂടെ കനാലിനു കുറുകേയുള്ള മുട്ടിപ്പാലത്തിലൂടെ ,തോടുകളിലെ മുട്ടെത്തും വരേയുള്ള വെള്ളത്തിലൂടെ തണല്‍ മരങ്ങളുറങ്ങുന്ന ഗ്രാമപാതയിലൂടെ ഒക്കെ എന്തോ പിറുപിറുത്തു കൊണ്ട് താഴെ എന്തോ തിരഞ്ഞു കൊണ്ട് ഗ്രാമം മുഴുവന്‍ പകലന്തിയോളം നടക്കും ..വിശക്കുന്നുവെന്ന് തോന്നുമ്പോള്‍ വാളുവാസുവിന്റെ ചായക്കടക്ക് പിന്നില്‍ ചെന്ന് കുന്തിച്ചിരിക്കും .ആരെങ്കിലുമൊക്കെ തിന്നതിന്റെ അവശിഷ്ടങ്ങള്‍ ഒരിലക്കീറിലാക്കി അവളുടെ മുന്നിലേക്കാരെങ്കിലുമിട്ടു കൊടുക്കും .അതവിടെയിരുന്നു വാരിത്തിന്നു പിന്നേയും തന്റെ തിരച്ചില്‍ തുടരും .ഉറക്കം വരുമ്പോള്‍ കടവത്തെ പാണ്ടികശാലയിലെ തിണ്ണയില്‍ .അവള്‍ക്കൊപ്പം ഭിക്ഷക്കാരും തെരുവ് വേശ്യകളും ദൂരെ ദേശത്ത് നിന്നു കടവ് കടക്കാനായെത്തുന്ന സഞ്ചാരികളും ..അങ്ങനെ ആ ഗ്രാമത്തിലെ രാത്രിയുടെ കൂട്ടുകാരേറെ.എങ്കിലും ദുരൂഹത ജനിപ്പിച്ച് സൈനബയെ ഗര്‍ഭിണിയാക്കിയതാരെന്നു എല്ലാവരും കൂലങ്കഷമായി തന്നെ ചിന്തിച്ചു പോന്നു.എന്തായാലും നന്‍മകളുടെ കേദാരമായ ആ ഗ്രാമത്തിലാരുമത് ചെയ്യില്ല.അതെല്ലാവരും ഉറപ്പിച്ച് പറയുന്ന ഒരു കാര്യം .അല്ലെങ്കില്‍ അത് തന്നെ സത്യവും .അവളുടെ രൂപത്തേക്കാള്‍ അസാമാന്യ വലിപ്പമുള്ള ആ വയറു എല്ലാവര്‍ക്കും  തെല്ലൊരസ്വസ്ഥതയോടെ മാത്രമേ കാണാനായുള്ളൂ..
ഇരുട്ടിന്റെ സന്തതികള്‍ പിറക്കുന്നത് കേവല നൈമിഷാകാനന്ദത്തിന്റെ പരിണിത ഫലങ്ങളായാണു.ഭോഗാസക്തരായവര്‍  തങ്ങളുടെ വന്യമായ ഇത്തരം തൃഷ്ണകളെ സഫലീകരിക്കുന്നതിനും  പ്രാപിക്കുന്നതിനും സമീപിക്കുന്നത് വേശ്യകളെ മാത്രമല്ല;അതു ഭ്രാന്തികളോ കുഷ്ഠരോഗികളോ മൃഗങ്ങളോ എന്തോ ആവട്ടെ നീചത്തരങ്ങളില്‍ ആത്മ നിര്‍വൃതിയടയുന്നവര്‍ എവിടെയായാലും എങ്ങനെയായാലും  നീചകൃത്യങ്ങള്‍ ചെയ്തു പോരുന്നു.
മനുഷ്യരുടെ വേവലാതികളോ ആവലാതികളോ കേള്‍ക്കാനോ അറിയാനോ ശ്രമിക്കാതെ ഒരോ ഋതു ഭേദങ്ങളും ഗ്രാമത്തില്‍ മാറി മാറി വന്നു.ചന്ദനക്കുടം നേര്‍ച്ചകളും വേലകളും പൂരങ്ങളും പള്ളിപെരുന്നാളുകളും ഗ്രാമത്തിനു ഉല്‍സവത്തിന്റെ പകിട്ടു നല്‍കി .കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വേലകളുടേയും പൂരത്തിന്റേയും മാറ്റുകൂട്ടാനായ് ഗാനമേളകളും നാടകങ്ങളും അരങ്ങേറിക്കൊണ്ടിരുന്നു.എല്ലായിടത്തും സൈനബ തന്റെ വീര്‍ത് വയറും താങ്ങി നടന്നു. അവളാരില്‍ നിന്നും ഭിക്ഷ വാങ്ങാറില്ല.അതിനവളൊരു ഭിക്ഷക്കാരിയായിരുന്നില്ല.എവിടെ നിന്നു വന്നെന്നോ എവിടുത്തെയാണെന്നോ ആര്‍ക്കുമറിയില്ല.രണ്ടു വര്‍ഷത്തോളമായി അവളീ ഗ്രാമത്തിന്റെ അതിഥിയായും പിന്നെ നാട്ടുകാരിയായും അറിയാന്‍ തുടങ്ങിയിട്ട്.ആരെങ്കിലുമൊക്കെ അവളുടെ മാസക്കുളി വന്നു കറ പുരണ്ട ഉടുതുണിയെ മാറ്റിയുടുക്കാന്‍ കൊടുക്കാറുള്ളതും ഉടുത്ത് പിന്നേയും അടുത്ത ഋതുമതിയാകും വരെ .പക്ഷെ പിന്നെയങ്ങനൊരു കാഴ്ച്ചയില്‍ സൈനബയെന്ന ചെറുപ്പക്കാരിയായ ഭ്രാന്തിയെ കാണാതായപ്പോള്‍ ആരും കരുതിയില്ല ഇങ്ങനെയൊരു പരിണാമമാണവളില്‍ നടക്കുന്നതെന്നു.
അന്നും പതിവു പോലെയാരൊക്കെയോ കൊടുത്ത ഭക്ഷണവും കഴിച്ചവള്‍ പാണ്ടികശാലയുടെ തിണ്ണയില്‍ കിടന്നു..അവളുടെയുള്ളിലെ ആ കുരുന്നുജീവന്‍ പുറത്ത് വരാനായി നടത്തുന്ന ശ്രമങ്ങളില്‍ അവളനുഭവിച്ച നോവിനെ പേറ്റു നോവായി തിരിച്ചറിയാനവള്‍ക്കായില്ല.ഒരു ഞരക്കത്തോടെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് കിടന്നു മതിയായപ്പോള്‍ ഉദിച്ചുയര്‍ന്ന ധ്രുവനക്ഷത്രവും പിന്‍ നിലാവും  നോക്കി  എന്തോ പറഞ്ഞു കൊണ്ട് അവള്‍ അമ്പത്തെ പാടം ലക്ഷ്യമാക്കി നടന്നു.
അമ്പത്തെ പാടത്തിന്നരികിലെ തോട്ടു വക്കത്ത് പൊക്കിള്‍ കൊടി മുറിച്ചു മാറ്റാനാരുമില്ലാതെ പിടഞ്ഞ ആ കുഞ്ഞിന്റെ ചുണ്ടുകള്‍ പെറ്റു നോവിന്റെ സുഖത്തില്‍ മയങ്ങുന്ന സൈനബയുടെ തൂങ്ങി നില്‍ക്കുന്ന മുലക്കണ്ണുകളെ തേടി വിതുമ്പി..പുലര്‍ച്ചെ പശുവിനു പുല്ലരിയാനായി അമ്പത്തെ പാടത്തെത്തിയ വേട്ടുവത്തികളാണാ കാഴ്ച്ചയാദ്യമായി കാണുന്നത്.."ന്റെ പരദേവതേ"യെന്നു വിളിച്ചു കൊണ്ട് കരഞ്ഞ് കരഞ്ഞ് തളര്‍ന്ന ആ ചോര പൈതലിന്റെ പൊക്കിള്‍ കൊടി കയ്യിലെ കൊയ്ത്തരിവാളു കൊണ്ടവര്‍ മുറിച്ചു മാറ്റി..തോട്ടിലേക്ക് പകുതി കാലിട്ട് കിടക്കുന്ന സൈനബയുടെ തളര്‍ന്ന മുഖത്തേക്ക് തോട്ടില്‍ നിന്നും കൈക്കുമ്പിളില്‍ കോരിക്കൊണ്ട് വന്ന വെള്ളം കുടഞ്ഞ് നോക്കി..ചേതനയറ്റ ആ ശരീരം തന്റെ ആത്മാവിനെ വേറെയേതോ ലോകത്തേക്ക് ഇവിടെ ബാക്കി വെച്ച തിരച്ചില്‍ തുടരാനായ് അപ്പോഴേക്കും അയച്ചിരുന്നുവെന്നത് ആ സ്ത്രീകള്‍ ഒരു പൊട്ടിക്കരച്ചിലോടെ മനസ്സിലാക്കി.
ഉദിച്ചു വരുന്ന പൊന്‍ വെയിലിന്‍ വെട്ടത്തിലവരാ കുഞ്ഞിന്റെ ലിംഗം നോക്കി.സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന  മുത്തു പോലെയൊരാണ്‍ കുഞ്ഞ്.അന്ന് ഗ്രാമത്തിലെല്ലാവരും ചേര്‍ന്ന് സൈനബയുടെ കബറടക്കം അവള്‍ ജീവിച്ചിരുന്നപ്പോള്‍ കിട്ടാതിരുന്ന എല്ലാ ബഹുമാനാദരവുകളോടേയും നടത്തി.അവളുടെ കുഞ്ഞിനെ കുട്ടികളില്ലാത്ത വേട്ടുവത്തി പാറു നോക്കമെന്നേറ്റു. ഗ്രാമത്തിലെ മുലകൊടുക്കുന്ന കുഞ്ഞുങ്ങളുള്ള എല്ലാ ജാതിമതസ്ഥരായ അമ്മമാര്‍ ഐക്യകണ്ഠേന ആ കുഞ്ഞിനെ മുലയൂട്ടുമെന്നാണയിട്ടു. ഗ്രാമത്തില്‍ സ്നേഹപൂര്‍വം മുതിര്‍ന്നവര്‍ ഇളയവരെ ഉണ്ണിയെന്നാണു വിളിക്കുന്നത്."ന്റെ ഉണ്ണ്യേ..അല്ലെങ്കില്‍ ഉണ്ണ്യോളെ" ഇതാ ഗ്രാമത്തിന്റെ സ്നേഹത്തിന്റേയും നിഷ്കളങ്കതയുടേയും മാറ്റ് കൂട്ടുന്ന മുഖമുദ്രയായിരുന്നു.അങ്ങനെ അവനെല്ലാവരും ചേര്‍ന്ന് ഉണ്ണിയെന്നു പേരു വിളിച്ചു.മുഹമ്മദുണ്ണിയായും , കൃഷ്ണനുണ്ണിയായും ഉണ്ണീശോയായും അവന്‍  ഗ്രാമത്തില്‍ എല്ലവരുടേയും കണ്ണിലുണ്ണിയായ് വളരാന്‍ തുടങ്ങി..
പിന്നീടൊരിക്കലും ആ ഗ്രാമത്തില്‍ അലഞ്ഞ് തിരിയുന്ന  ഗര്‍ഭിണികളായ ഭ്രാന്തികളെ കണ്ടിട്ടില്ല.കടവത്തെപ്പോഴും വരത്തരായ സഞ്ചാരികള്‍ പാണ്ടികശാലകളില്‍ അന്തിയുറങ്ങാനെത്താറുണ്ട്.പക്ഷെ ഗ്രാമത്തിലെ തെരുവിന്റെ സന്തതികളും രാത്രിയുടെ കൂട്ടുകാരുമായവര്‍ ആ ഗ്രാമത്തിലെത്തുന്ന  അപരിചതരായ സന്ദര്‍ശകരുടെ മേലെ ഒരു കണ്ണു വെച്ചു പോന്നു.ആ ഗ്രാമത്തിലെ പുഴയെന്നും പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും കൊണ്ട് ആഴിയുടെ മാറിലലിയാനായ് പടിഞ്ഞാറിനെ ലക്ഷ്യം വെച്ചൊഴുകി കൊണ്ടേയിരിക്കുന്നു..പാതയോരങ്ങളെയലങ്കരിക്കുന്ന പൂമരങ്ങള്‍ കാലത്തിനും മാറ്റത്തിനും നിന്നു കൊടുക്കാതെ  പാരിജാതങ്ങളും ഇലഞ്ഞിപൂക്കളും വിരിയിച്ച് അതിന്റെ പരിമളം ആ ഗ്രാമമാകെ പരിലസിപ്പിച്ചു കൊണ്ടും പൂത്തുലഞ്ഞ് നില്‍ക്കുന്നു

കവിത

വാല്‍നക്ഷത്രം അടയാളപെടുത്തുന്നത്!

ഗീത രാജന്‍

നീ കോറിയിട്ട വാക്കുകള്‍
ആകാശത്തു വെട്ടി വീണ
മിന്നല്‍ പിണര്‍ പോലെ
കൊള്ളി തീര്‍ത്ത്‌ വിറപ്പിക്കും ,
മനസിന്റെ ചായ്പ്പില്‍ പതുങ്ങി
കിടക്കും മയിപീലി തുണ്ടിനെ!

പ്രണയത്തിന്റെ പെരുമഴയത്ത്
കുട ചൂടി ഇറങ്ങി പോയ മൌനം
ഇറയത്തു ഒതുങ്ങനാവാതെ
മഴക്കുള്ളില്‍ പതുങ്ങി കിടക്കും!

കൈകോര്‍ത്തു നടന്ന വാക്കുകളെ,
ഒളിച്ചോടിപോയ നിലാവിനെ.
ചെമ്പകം മണക്കുന്ന
സ്വപ്നങ്ങളുടെ രാവിനെ
ഓര്‍ത്തങ്ങനെ കിടക്കും!

കണ്ണിന്റെ കോണില്‍
ഉദിച്ചുയര്‍ന്ന വാല്‍നക്ഷത്രം
പൊട്ടിച്ചിതറി ചീളുകളായി
തറച്ചിറച്ചിറങ്ങുമ്പോള്‍
അടര്‍ന്നു വീണൊരു
ചോരപ്പൂക്കള്‍ നിലം തൊടാതെ
ഹൃദയത്തിന്റെ ചുവരുകളില്‍
പറ്റിപിടിച്ചിരിക്കും ....!

അപ്പോഴും പടിയിറക്കലില്
പിടച്ചു കൊണ്ടിരിക്കും
നിന്നെ കുടിയിരുത്തിയ വീട്!!

==================================================================================


കഥ

സാക്ഷി മൊഴികള്‍

സിയഫ് അബ്ദുല്‍ഖാദിര്‍



രൂപത്തില്‍ കൊത്തിയുണ്ടാക്കിയ സ്റ്റാന്റില്‍ ഉറപ്പിച്ചിരുന്ന മെഴുകുതിരി താഴെ വീണണഞ്ഞു."പക്ഷെ അതൊക്കെ കല്യാണം കഴിഞ്ഞു മതി " എന്ന് പറഞ്ഞു അവള്‍ വെട്ടി മാറി .ചുമ്മാ അവളുടെ ജാടയാണ് .ഇതിനു മുന്‍പ് 

അവളെ ലൈന്‍ ഇട്ടിരുന്ന റിനോ സക്കറിയ പറഞ്ഞിട്ടുണ്ട് അവളെ അവന്‍ നൂറു വട്ടം എങ്കിലും ഉമ്മ വെച്ചിട്ടുണ്ട് എന്ന് .നമ്മള്‍ ചോദിക്കുമ്പോ മാത്രം അവള്‍ടെ ഒരു മാതിരി
..നേരം വൈകിയത് കൊണ്ട് അവളെ കൊണ്ടാക്കാന്‍ കൂടെ പോയതാ ഞാന്‍ ,നാട്ടുകാര്‍ക്ക് മന്സ്സിലാകാതിരിക്കാന്ബസ്സിറങ്ങിയപ്പോ ഞാന്‍ മുറുക്കാന്‍ കടയിലേക്ക് സിഗരെറ്റ്‌ വാങ്ങാന്‍ വേണ്ടി പോയി.അപ്പോഴേക്കും കറന്റ്‌ പോയി .പക്ഷെ ടീ ഷര്‍ട്ടും ജീന്‍സും ഇട്ടു നടക്കുമ്പോഴേ ഞാന്‍ പറയാറുള്ളതാ ,ഇത് പോലെ വല്ലതുമൊക്കെ സംഭവിക്കുമെന്ന് .

പെണ്‍കുട്ടി : ജോ അങ്ങനെയൊക്കെ പറയും .അല്ലെങ്കിലും അവനെന്നെ ഒരു ഇറച്ചിക്കഷണം ആയിട്ടാണ് കാണാറ് .എന്തായാലും കല്യാണം കഴിയുന്നത്‌ വരെ ആരെയും എന്നെ ടച്ച്‌ ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന് ഞാന്‍ എന്റെ പപ്പക്ക് വാക്ക് കൊടുത്തിട്ടുണ്ട് ,ഞങ്ങള്‍ ബസ്സിറങ്ങുമ്പോള്‍ നേരം വല്ലാതെ വൈകിയിരുന്നു ,ഞാന്‍ ജോ സിഗരറ്റ് വാങ്ങി എനിക്കൊപ്പം എത്തുവാനായി മനപ്പൂര്‍വ്വം എന്റെ സ്പീഡ് കുറച്ചു .ആക്ച്വലി അതാണ്‌ പ്രോബ്ലായത് .ബസ്‌ സ്റ്റോപ്പില്‍ വടക്ക് നിന്നുള്ള ലാസ്റ്റ് ബസ്‌ കാത്തു കുറച്ചു പേര്‍ നില്‍പ്പുണ്ടായിരുന്നു.ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല .റോഡ്‌ മുറിച്ചു കടന്നതും കറന്റ്‌ പോയി .എന്നെ ഇവന്‍ കേറിപ്പിടിച്ചു .ഞാന്‍ വീണു പോയത് കൊണ്ട് എന്റെ മോളിലേക്ക് വീണത്‌ ആരാണെന്ന് ഞാന്‍ കണ്ടില്ല ,അവന്‍ എന്നെ ഉമ്മ വെച്ചു..എന്റെ മുട്ടും വിരലും ഉരഞ്ഞു പൊട്ടി .ഞാന്‍ ഇത് വരെ ആരെയും എന്നെ ഒന്ന് ടച്ച്‌ ചെയ്യാന്‍ പോലും സമ്മതിച്ചിട്ടില്ല .എന്നിട്ടിപ്പോ ...

മുറുക്കാന്‍ കടക്കാരന്‍ : ഈ കാട്ടുമുക്കില്‍ എന്നാ കച്ചോടം കിട്ടാനാ ?

എന്നാലും ഞാന്‍ പാതിരാ വരെ കട തുറന്നു വച്ചോണ്ടിരിക്കും ഈ പെങ്കൊച്ചു ആണെങ്കില്‍ ഒരു ഒന്നൊന്നര ചരക്കല്ല്യോ ,വരുമ്പോഴും പോകുമ്പോഴും ഒക്കെ നമ്മള്‍ ശ്രദ്ധിക്കാറണ്ട് .അന്നീ കൊച്ചു വന്നിറങ്ങുമ്പോ കൂടെ ഒരു ചെര്‍ക്കനും ഉണ്ട് .പരിചയമില്ലാത്ത അങ്ങനെ എത്ര പേര്‍ ഈ നാട്ടിന്‍ പുറത്തു വരുന്നു ,

അപ്പഴാണ് കറന്റ് പോയത് .എന്നാപ്പിന്നെ പോയേക്കാം എന്ന് കണ്ടു സൈക്കിള്‍ എടുക്കാന്‍ പോയതാ ഞാന്‍ .ഞാന്‍ ചെല്ലുംപഴാ ലവന്‍ ഈ വൃത്തികേട് കാണിക്കുന്നത് ,ഒള്ളത് പറയാവല്ല ,ഞാന്‍ രണ്ടെണ്ണം പൊട്ടിച്ചു കേട്ടാ,അങ്ങനെ അവന്‍ മാത്രം സുഖിക്കണ്ടാ പോലീസുകാരന്‍ :ഇവിടെ ഉള്ള ഒരു ഫ്രണ്ടിനെ കാണാന്‍ വന്നതാ ഞാന്‍ .സര്‍വിസില്‍ കേറിയിട്ടു പത്തു പന്ത്രണ്ടു വര്‍ഷമായി .അത് കൊണ്ട് ക്രിമിനല്സിനെ കാണുമ്പോള്‍ തന്നെ മനസ്സിലാകും .എന്റെ അടുത്തു ബസ്‌ കേറാന്‍ നിന്നവന് ഒരു തഞ്ചാ ക്കേട്‌ ഞാന്‍ നോട്ട് ചെയ്തിരുന്നു .

പോക്കറ്റടിക്കാരന്‍ ആയിരിക്കും എന്നാണു കരുതിയത്‌ .ഈ കുട്ടി റോഡ്‌ മുറിച്ചു കടന്നു ഇപ്പുറ ത്തെത്തിയില്ല

,ഈ റാസ്കല്‍ മുന്നോട്ടാഞ്ഞു .ഞാന്‍ നേരത്തെ കരുതി നിന്നത് കൊണ്ട് എവന്റെ കോളറില്‍ തൂക്കിയിങ്ങെടുത്തു.പക്ഷെ ഇവന്‍ കുതറി ,പിടി വലിക്കിടയില്‍ ഞാന്‍ ഈ കുട്ടിയുടെ ദേഹത്ത് വീണു എന്ന് തോന്നുന്നു ,

 കള്ളന്‍ :ഞങ്ങള്‍ കള്ളന്മാര്‍ തൊഴിലില്‍ കള്ളം കാണിക്കത്തില്ല.കാക്കാന്‍ വന്നാല്‍ കട്ടിട്ട് പോകും .അതിനിടക്ക് മറ്റെപ്പണി കാണിക്കത്തില്ല.ഞാനന്ന് ജയിലീന്നി റ ങ്ങിയിട്ടെ ഒള്ളൂ .കയ്യിലാണെങ്കില്‍ ഒരു ക്വാര്‍ട്ടര്‍ അടിക്കാന്‍ പോലും കാശില്ല ,

ഈ പെണ്ണ് വന്നിറങ്ങിയപ്പോള്‍തന്നെ കഴുത്തില്‍ പള പളാന്നു മിന്നുന്ന പിരിയന്‍ മാല ഞാന്‍ നോട്ടമിട്ടതാ .കൊണം പോലെ കരണ്ടും പോയി .സെക്കന്റ്‌ വച്ച് ഞാനത് പൊട്ടിച്ചേനെ.ആ സമയം നോക്കി ഇയാള്‍ എല്ലാം കൊളമാക്കി ,

കത്രികപ്പൂട്ടിട്ടു ഉള്ള പിടുത്തം കാരണം എനിക്കൊന്നങ്ങാന്‍ പോലും പറ്റിയില്ല ,ഒരു പോലീസുകാരനെ അങ്ങനെ പിടിക്കാന്‍ പറ്റൂ .പക്ഷെ എനിക്ക് മനസ്സിലാകാത്തത് അതല്ല .എല്ലാരും കൂടി എന്നെ എന്തിനാ പ്രതിയാക്കിയത് എന്നാ .ഇതെല്ലാം കേട്ട നിങ്ങള്‍ തന്നെ പറ "

ഞങ്ങളില്‍ ആരാ പ്രതി ?"
    ജോ ബെഞ്ചമിന്‍ : വൈകുന്നേരം കൂള്‍ ബാറിലെ മേശക്കിരുപുറവും ഇരുന്നു ഷാര്‍ജാ ഷേക്ക്‌ കഴിക്കുമ്പോള്‍ അവളുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ടു മോഹിച്ചു ഞാന്‍ അവളെ ചുംബിക്കാനാഞ്ഞു.എന്റെ കൈ തട്ടി ആനയുടെ

കവിത

ഉത്തരങ്ങള്‍ തേടി.
വി  മുരളീധരന്‍ താരാപ്പൂര്‍.
















തേനും പൂമ്പൊടിയും തേടി
എന്നും ചിരിക്കുന്ന പൂവിലേക്ക്
മെല്ലെ ചെന്നിരിക്കും വണ്ടിനോട്
ഇളം കാറ്റ് മെല്ലെ മുട്ടിയുരുമ്മി
ചെവിയിലോതുന്നതെന്താവും
നിയതിയുടെ , പരാഗണത്തിന്റെ
ജന്മ കര്‍മ്മ യോഗങ്ങളുടെ
നിയോഗങ്ങളേ കുറിച്ചാവുമോ

കുലച്ച വാഴയില്‍ ഓടികയറി
വേണ്ടതൊക്കെ കിട്ടിയിട്ടും
അണ്ണാറക്കണ്ണന്‍ എന്തിനാവും
പിന്നെയും എന്നെ നോക്കി
ചിലച്ചുകൊണ്ടിരിക്കുന്നത്.

എന്തും തിന്നുന്ന , ഏതിറച്ചിയും
പരാതിയില്ലാതെ കഴിക്കുന്ന
പാവം കാക്കയെ എന്താവും
ആരും ഒരിക്കലും കഴിക്കാത്തത്.

ഉത്തരങ്ങള്‍ തേടിയിങ്ങനെ
പൊരിവെയിലില്‍ തളര്‍ന്നിട്ടും
കറുത്ത മുടിയിങ്ങനെ വെളുത്തിട്ടും
കൈ കാലിങ്ങനെ കുഴഞ്ഞിട്ടും
നാക്കുണങ്ങി വറ്റി വരണ്ടിട്ടും
കണ്ണിലിരുട്ട് കയറിയിട്ടും
ഈ യാത്രയില്‍ എന്താവും
ഞാനിനിയും വീഴാത്തത്..

=====================================================================
കവിത



ഒരു ശരത്ക്കാലസന്ധ്യയില്‍

ജ്യോതി ഉണ്ണിരാമന്‍

 









മങ്ങിത്തുടങ്ങിയാ
വേനല്ക്കനലുകള്‍
കാണാ മരിയ്ക്കിലീ
ശരത്ക്കാലച്ഛായകള്‍
ചിന്തകള്‍ 
നുള്ളിപ്പെറുക്കുന്ന 
സന്ധ്യകള്‍ 
മൂകത 
മൂളുന്നയേകാന്തരാവുകള്‍

കാച്ചിയ ചെമ്പിന്‍
നിറം പകര്‍ന്നെന്നുടെ  
പുഞ്ചിരിയൊപ്പിയെടുത്തോരീ   
നഗ്നമാം മേനിയെ
കാലത്തിനേല്‍പ്പിച്ചു
പോകുമ്പോള്‍
പൊയ്പ്പോയ കാലങ്ങള്‍
പീലിവിടര്‍ത്തുന്നു.

ശൈത്യത്തിന്‍  
മഞ്ഞുടുപ്പോന്നു ധരിച്ചു ഞാന്‍
നിദ്ര നടിച്ചു
തിരിഞ്ഞു കിടക്കവേ;
വീണ്ടുമാ ഭ്രാന്തന്‍
വസന്തത്തിന്‍ പൂവിളി
കേള്‍ക്കുവാന്‍
കാതുകള്‍ വെമ്പുന്നു, കേഴുന്നു.

===========================================================================


കവിത

പ്രവേശനം
 
ശിവശങ്കരന്‍ കരവില്‍
 












''പ്രവേശനമില്ലാ''
ത്തിടത്തറിയാതെ
കയറിയതിനാണായാള്‍
തന്‍ പ്രാണന്‍ പോകും
മട്ടിലിടിച്ചു
ചമ്മന്തിയാക്കിയതെന്നോ...!
ആ ആളുണ്ടിപ്പോള്‍ 
ഇടിച്ചിട്ടയാളുമൊ -
ത്തൊരേമണ്ണിലുറങ്ങു,
'ന്നിവിട'ത്തെ
പ്രവേശനമെന്തിങ്ങനെ
ഒരുമിച്ചെന്നീശ്വരാ,,!

==============================================================


കവിത

സ്മാര്‍ത്തവചനങ്ങള്‍

സി എന്‍ കുമാര്‍





നിങ്ങളുടെ
വിധിവാചകം
തലക്കുമീതെ
തൂങ്ങിയാടുന്ന
ഡിമോക്ലസ്സിന്റെ
വാളാണെന്ന്
വീമ്പിളക്കുമ്പോഴും
എന്റെ ചിരി
നിങ്ങള്‍ കാണാതെപോയി.
ഭ്രഷ്ടനാക്കപ്പെട്ടവന്റെ
ചിരിയില്‍ നിങ്ങളുടെ
ചതി വായിച്ചെടുക്കാം.

എത്ര പേരുടെ
കുറ്റപത്രം നിങ്ങള്‍
വായിക്കും.....
കാക്കത്തൊള്ളായിരമോ ...?
സിംഹാസനങ്ങള്‍
ആടിയുലഞ്ഞത്
ഭൂമികുലുങ്ങിയതുകൊണ്ടല്ല,
തിരസ്കൃതന്റെ
നിശ്വാസത്താലാണെന്നത്
ചരിത്രപാഠം.

ഈ വഴികളും പുഴകളും
ഒരിയ്ക്കലും നിലയ്ക്കില്ല,
എന്റെ ചിന്തയും.
നിങ്ങളുടെ സ്വാര്‍ത്ഥത
എനിയ്ക്കജീര്‍ണമായി
അതുകൊണ്ടാണല്ലോ
പടിപ്പുരയ്ക്കു പുറത്തേയ്ക്ക്
എന്റെ കാല്‍പ്പെട്ടിയും
കിടക്കയും വലിച്ചെറിഞ്ഞത്.

നിങ്ങള്‍,
കൂലിപ്പണിയ്ക്കാരന്റെ
ചില്ലികള്‍ കൊണ്ട്
വെള്ളിക്കരണ്ടി തീര്‍ക്കുമ്പോള്‍
ഞാന്‍,
അവന്റെ  തീപുകയാത്ത
അടുപ്പുകളില്‍ പട്ടിണി
പതിയിരിയ്ക്കുന്നതുകണ്ട്
മനം നൊന്തു പ്രാകുന്ന
കുട്ടികള്‍ക്കും
അമ്മമാര്‍ക്കുമരികിലൂടെ
നടക്കുകയായിരുന്നൂ.

എനിയ്ക്കു പ്രീയപ്പെട്ടതൊക്കെയും
ഉപേക്ഷിച്ചത്
വര്‍ഗ്ഗരഹിതമണിമന്ദിരങ്ങള്‍
പടുക്കുവാനല്ലേ.
വിശന്നു മരിച്ച മകന്റെ
ശവദാഹത്തിനു
ശ്മശാനക്കൂലിയ്ക്കായി
പകച്ചോടുമ്പോഴും 
നിങ്ങളുടെ ചുണ്ടുകളില്‍
മുഴങ്ങിയത്
എനിയ്ക്കെതിയുള്ള
ശകാരവചനങ്ങള്‍.

ഇത് ഗ്രഹണസമയത്തുള്ള 
വെളിച്ചക്കുറവുമാത്രം,
മനവും മാനവും
തെളിയുന്ന പകല്‍പ്പൂരങ്ങള്‍
നിങ്ങളുടെ കാഴ്ചകള്‍ക്കുപുറത്തു
തിരനോട്ടമാടുന്നത്
നിഷ്ക്കാസ്സിതന്റെ
ചിരികളായാണ്.

ഇപ്പോള്‍,
തീട്ടൂരങ്ങള്‍ പൊട്ടിച്ചെറിയുന്ന
പോര്‍ വചസ്സുകള്‍
മുഴങ്ങുന്നത്
എവിടെയാണ്..?
**********************************************************************
മലയാളഭൂമികയിലെയ്ക്കുള്ള സൃഷ്ടികള്‍ അയയ്ക്കേണ്ട വിലാസം malayalabhoomika@gmail.com ... സൃഷ്ടിയോടൊപ്പം സ്വന്തം ഫോട്ടോയും അയയ്ക്കുക

*********************************************************************