ചില്ലറ



തോമാസേട്ടന്‍



അനില്‍കുമാര്‍ നാരായണന്‍ 














സൌദിയിലെ വെള്ളിയാഴ്ച്ചകളെ എനിക്ക് വെറുപ്പാണ്; ഭയമാണ്...മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മണിക്കൂറുകള്‍ എങ്ങിനെ തള്ളി നീക്കുമെന്ന ചിന്ത മനസ്സിനെ വിഷാദത്തിലാക്കാറുണ്ട്. ചുമരില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന മകളുടെ മുഖം മനസ്സിനെ വിഷാദചിന്തകളില്‍ നിന്നും ഉണര്‍ത്താറുണ്ടെങ്കിലും; പുറത്ത് ആഞ്ഞടിക്കുന്ന പൊടിക്കാറ്റും മണല്‍ തിരകളും മനസ്സിനെ വീണ്ടും വിഷാദതീരത്തെത്തിക്കും....

മുറിയില്‍ കിടന്നു ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കെ കണ്ണുകളെ മയക്കത്തിന്‍റെ ദ്വീപിലേക്ക് കൊണ്ട് പോയതറിഞ്ഞില്ല.....മയക്കത്തിന്‍റെ ഇടനാഴികളില്‍ ഒരു മുഖം ബോധത്തിന്റെ വെട്ടത്തിലേക്കെന്നെ കൊണ്ട് വന്നു.

എനിക്ക് നല്ല ഓര്‍മയുണ്ട് ആ മുഖം; തോമാസേട്ടന്‍.........., "പഴുത്തില വീഴണ കണ്ട് പച്ചില ചിരിക്കേണ്ട" ഈ വരികള്‍ ചുണ്ടില്‍ പിടിപ്പിച്ചു; കൈയ്യില്‍ ഒരു തുണിസഞ്ചി നിറയെ പച്ചക്കറിയും ആയി; തനിക്ക് നടക്കാന്‍ ഈ വിവേകാനന്ദ വഴിയുടെ വീതി പോരായെന്ന കണക്കെ ആടിയാടി വരുന്ന തോമാസേട്ടന്‍!.

പലപ്പോഴും ഒരു അച്ഛാച്ചന്‍റെ വാത്സല്യം അദ്ധേഹത്തില്‍ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്......ആടിയാടി വരുന്ന തോമാസേട്ടന്റെ വരവു കാണാന്‍ വഴിക്കിരുവശവും പിള്ളേര്‍ നിറയും.

വിവേകാനന്ദ വഴി കയറിയാല്‍; നില്‍ക്കുന്നത് എന്നെ കണ്ടിട്ടായിരിക്കും. എന്നെ കണ്ടാല്‍ സഞ്ചിയില്‍ നിന്നും പച്ചക്കറി വാരി എന്‍റെ കൈയ്യില്‍ ഇട്ടു തരും....പിന്നിലേക്ക്‌ തിരിഞ്ഞു; ഒളിയിടുന്ന പിള്ളേരെ നോക്കി: "നീ ആ കിഴങ്ങന്മാരെ പോലെ ആവരുത്; ആവില്ലെന്ന് തോമസെട്ടനറിയാം, നീ അനിയന്‍കുട്ടീടെ മോനല്ലേ".....

എന്‍റെ അച്ഛനാണ് അനിയന്‍കുട്ടി; അദ്ധേഹം ബോംബയില്‍ ആയിരുന്നെങ്കിലും തോമാസേട്ടന് ജീവനാണ്; വിവേകാനന്ദ വഴിയില്‍ എല്ലാവര്‍ക്കും അച്ഛനെ താല്‍പ്പര്യവും ആണ്....തോമസേട്ടന്‍റെ താഴെയുള്ള മകനെ ബോംബെയില്‍ കൊണ്ട് പോയത്‌ അച്ഛനാണ്.

തോമസേട്ടന് മൂന്ന് ആണ്‍മക്കള്‍ ആണ്. രണ്ടു പേര്‍ക്ക് നാട്ടില്‍ സ്വന്തം ബിസിനസ്; മൂന്നാമത്തെ ആള്‍ ബോംബെയിലും.....തോമസേട്ടനും ഭാര്യ അന്നാമ്മ ചെട്ത്ത്യാരും തറവാട്ടില്‍ ആണ്; ഇരു വശത്തും ഇരുനില പണിത് മൂത്ത രണ്ടു മക്കള്‍ കുടുംബവുമായി വാഴുന്നു....താഴെയുള്ളവന്‍ ആണ്ടില്‍ ഒരിക്കല്‍ അപ്പനെയും അമ്മച്ചിയെയും കാണാന്‍ വരും; ശേഷം ഭാര്യാവീട്ടിലേക്ക് തിരിക്കും.

അപ്പനോട് പണിക്ക് പോവുന്നത് നിര്‍ത്തി; രണ്ടു പേരും അവരുടെ കൂടെ വീടുകളില്‍ താമസിക്കാന്‍ വേണ്ടി വിളിച്ചതാണ്; പക്ഷെ ചാവുന്ന കാലത്തോളം; സ്വന്തം കാശു കൊണ്ട് കഞ്ഞി കുടിക്കണമെന്നു തോമാസേട്ടന് വാശി. ഒരിക്കല്‍ ഇടവക അച്ഛന്‍ തോമാസേട്ടനെ ഈ കാര്യത്തില്‍ ഉപദേശിക്കാന്‍ വന്നു; പക്ഷെ തോമാസേട്ടന്റെ വാക്കുകളില്‍ അച്ഛനും കീഴടങ്ങി കൊടുക്കാനേ കഴിഞ്ഞുള്ളൂ: " അച്ചോ! ഇപ്പോള്‍ ഒരു വറ്റ് വാരി തിന്നുമ്പോള്‍ അതിനു മനസ്സിന്റെ ഒരു മധുരമുണ്ട്; ആ വറ്റില്‍ കണ്ണീരിന്‍റെ കയ്പും കൂടി കലര്‍ത്തണമെന്നു അച്ഛന് നിര്‍ബന്ധമുണ്ടോ?"........

വയസ്സ് എഴുപതു കഴിഞ്ഞെങ്കിലും തോമാസെട്ടന് ഇപ്പോഴും നല്ല ആരോഗ്യമാണ്........കറുത്ത് ഉറച്ച മസ്സിലുള്ള അദ്ധേഹത്തെ; വഴിയിലെ കല്യാണം കഴിഞ്ഞു പതിനഞ്ചു വര്‍ഷം ഭര്‍ത്താവുമായി താമസിച്ചു; ഭര്‍ത്താവു മരിച്ചതും കുട്ടികള്‍ ഇല്ലാത്തതുമായ രമണി ചേച്ചി തോമസേട്ടനെ നോക്കി നില്‍ക്കുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

കറുത്ത തോമാസേട്ടന് എങ്ങിനെ വെളുത്ത അന്നാമ്മയെ കിട്ടിയെന്നു ഒരിക്കല്‍ ഞാന്‍ അമ്മയോട് തിരക്കി......അമ്മ എന്‍റെ ചോദ്യം കേട്ട് പൊട്ടിചിരിച്ചെങ്കിലും നയം വ്യക്തമാക്കി......ഒരു പ്രണയവും; തുടര്‍ന്ന് തോമാസേട്ടന്റെ വിജയ കാഹളവും!!

ശക്തന്‍ തമ്പുരാന്‍ ചന്തയില്‍ പച്ചകറി വാങ്ങാന്‍ അമ്മയോടൊപ്പം വന്ന അന്നാമ്മ; വണ്ടിയില്‍ നിന്നും പച്ചക്കറി ചാക്കുകള്‍ ഇറക്കി കൊണ്ടിരുന്ന തോമാസേട്ടന്റെ കറുത്ത മസിലുകള്‍ കണ്ടു അന്തംവിട്ടു. പിന്നീട് ചന്തയിലേക്ക് വരവ് അന്നാമ്മ തനിച്ചായി......കണ്ണുകള്‍ പലതും കൈമാറി; കൂട്ടത്തില്‍ പ്രണയവും.......ഒരു വൈകുന്നേരം തോമാസേട്ടന്‍ വിവേകാനന്ദ വഴി കയറി വരുമ്പോള്‍ കൈയ്യില്‍ തുണി സഞ്ചിക്ക് പകരം 'അന്നാമ്മ'

കാലവര്‍ഷത്തിന്‍റെ കൈകള്‍ തോമാസേട്ടന്റെ ഓടു പുരയുടെ ഓടുകള്‍ പലതും തകര്‍ത്തിരുന്നു......വെള്ളം അകത്തും വീണു തുടങ്ങി....വെയില്‍ നാളങ്ങള്‍ അകത്തിരുന്ന അന്നാമ്മയുടെ കണ്ണുകളെ തളര്‍ത്തി.....മക്കള്‍ പലക്കുറി വന്നു വിളിച്ചു....ഗതി കേട്ട് ഒരു നാള്‍ തോമാസേട്ടന്‍ മക്കളോട് പറഞ്ഞു: "എന്നാ എന്‍റെ മക്കളോരു കാര്യം ചെയ്യ്! വിളിക്കാന്‍ വരുമ്പോ ഭാര്യമാരെ കൂടി കൂട്ടി വാ". പിന്നീട് മക്കള്‍ തറവാട്ടിലേക്ക് വരാറില്ല.

ഒരു ദിവസം സ്കൂള്‍ വിട്ടു വീട്ടില്‍ വരുമ്പോള്‍ അമ്മയുടെ അരികില്‍ നിന്നു കൊണ്ട് തോമസേട്ടന്‍; തനിക്ക് കുറച്ചു ദിവസമായി വയ്യാത്തതിനാല്‍ ചന്തയില്‍ പോവാന്‍ കഴിഞ്ഞില്ലെന്നും കുറച്ചു പൈസ വേണമെന്നും പറഞ്ഞു കരയുന്നു.......എനിക്കത് വിശ്വസിക്കാനായില്ല...എന്‍റെ തോമസേട്ടന്‍ കരയാറില്ല!

അമ്മ പൈസ കൊടുത്തപ്പോള്‍ വാങ്ങിയില്ല: "ഞാന്‍ ഈ തെങ്ങിമേല്‍ കയറി തേങ്ങയെല്ലാമിടാം....അതിന്റെ കൂലി തന്നാല്‍ മതി" ആ വാക്കുകള്‍ അമ്മയുടെ കണ്ണുകളെ മാത്രമല്ല; എന്‍റെ കവിളിലും ചാലുകള്‍ തീര്‍ത്തു.

ഒരു തുലാവര്‍ഷത്തിന്‍റെ തേങ്ങലില്‍ തോമാസേട്ടന് അന്നാമ്മയെ നഷ്ടമായി.....ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടി കരയുന്നത് ഞാന്‍ കണ്ടു....പിന്നിട് ഒരിക്കലും അദ്ദേഹം ചന്തയില്‍ പോയില്ല.

മക്കളുടെ ആനുകൂല്യങ്ങള്‍ക്ക് മുന്നില്‍ അപ്പോഴും തോമാസേട്ടന്‍ തല കുനിച്ചില്ല; ഇടയ്ക്കിടെ അമ്മ കൊടുക്കുന്ന കഞ്ഞി കഴിക്കും....ചിലപ്പോള്‍ കഴിക്കാതെ അവിടെ തന്നെ കഞ്ഞി ഇരിക്കുന്നുണ്ടാവും......

ഒരോണത്തിനു അച്ഛന്‍ നാട്ടിലെത്തിയിരുന്നു. തിരുവോണത്തിനു ഓണപുടവയും ഭക്ഷണവുമായി ഞങ്ങള്‍ മൂവരും കൂടി തോമാസേട്ടന്റെ അടുക്കല്‍ ചെന്നു. വളരെ ക്ഷീണിതനായിരുന്നു; എണിറ്റിരിക്കാന്‍ തന്നെ വയ്യാത്തത് പോലെ.....അച്ഛന്‍ അദ്ധേഹത്തെ കുളിപ്പിച്ചു; ഞാന്‍ തോമാസേട്ടന് പുതിയ മുണ്ടും ഷര്‍ട്ടും ഇടിപ്പിച്ചു.....അമ്മ ഇലയില്‍ ഭക്ഷണം വിളമ്പി......കഴിക്കുമ്പോള്‍ തോമാസേട്ടന്റെ മുഖം വളരെ സന്തോഷത്തില്‍ ആയിരുന്നു....തിരികെ പോരുമ്പോള്‍ എന്നെ അരികില്‍ വിളിച്ചു നെറ്റിയില്‍ ചുണ്ടമര്‍ത്തി.....എന്‍റെ മുഖം തോമാസേട്ടന്റെ കണ്ണീരാല്‍ നനഞ്ഞിരുന്നു.............

പിറ്റേന്ന് കാലത്ത് അമ്മയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ ഏണിറ്റത്; അച്ഛന്‍ ആരോടോ പറയുന്നത് കേട്ടു.....തോമാസേട്ടന്‍ പോയി......അവരുടെ കൂടെ ഞാന്‍ പോയില്ല....എനിക്ക് കാണാന്‍ കഴിയുമായിരുന്നില്ല....എന്‍റെ മനസ്സിലെ ചിത്രത്തില്‍ തോമാസേട്ടന് അങ്ങിനെ ഒരു വേഷം ഇല്ലായിരുന്നു.

പതിനൊന്നരക്ക് വെച്ചിരുന്ന മൊബൈല്‍ ഫോണിലെ അലാറം എന്നെ ഓര്‍മകളില്‍ നിന്നും തിരികെ കൊണ്ട് വന്നു..........മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോവേണ്ട സമയമായി......മെസ്സിലേക്ക് നടക്കുമ്പോള്‍ അകലെ നിന്നും പാഞ്ഞു വന്ന പൊടികാറ്റിനോട് എനിക്ക് സ്നേഹം തോന്നി...കാരണം ആ കാറ്റില്‍ ഞാന്‍ തോമാസേട്ടന്റെ ചുണ്ടില്‍ നിന്നും ഉതിര്‍ന്ന വരികള്‍ കേട്ടു: " "പഴുത്തില വീഴണ കണ്ട് പച്ചില ചിരിക്കേണ്ട"!!







=========================================================

















വിനയചന്ദ്രികയില്‍ മുങ്ങി മുങ്ങി .......
                                  



     എന്പതുകളുടെ അവസാനകാലത്താണ് കവിതയില്‍ പുതിയ മാറ്റവുമായി 

കവിയരങ്ങുകള്‍ സജീവമാകുന്നത്.  നാട്ടിലെ ക്ലബ്ബുകളും വായനശാലകളും 

സംഘടിപ്പിയ്ക്കുന്ന പരിപാടികളില്‍ കവിയരങ്ങ് ഒഴിവാക്കാന്‍ കഴിയാത്ത 

അജണ്ടയായി മാറിയകാലം. കടമ്മനിട്ടയും അയ്യപ്പപണിക്കരും 

കാവാലവുമൊക്കെ സജ്ജീവമാക്കിയ കവിയരങ്ങുകള്‍.

നാട്ടുവഴക്കത്തിന്റെ അടിത്തറയില്‍ വേറിട്ട ശബ്ദവുമായി ഒരു കവി

“കൂന്ത ചേച്ചിയ്ക്ക് കുഞ്ഞില്ല കൂട്ടില്ല കുഞ്ഞാങ്ങളമാരില്ല “ നീട്ടിയും 

കുറുക്കിയും കൈകളും തലയും താള ബദ്ധമായി ചലിപ്പിച്ചും കവിത 

ചൊല്ലുന്ന ഒരാള്‍.....അതാണ്‌ ഞാന്‍ ശ്രീ ഡി വിനയചന്ദ്രനെ ആദ്യമായി കാണുന്ന 

നിമിഷത്തിന്റെ അക്ഷരചിത്രം.

    പിന്നെ ആ കവിയെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹവുമായി 

പുസ്തകങ്ങള്‍ തിരയുകയായി. അന്ന് വരെ കേള്‍ക്കാനോ 

അനുഭവിയ്ക്കാനൊ കഴിഞ്ഞിട്ടില്ലാത്ത ഒരു കാവ്യാനുഭവമായിരുന്നു 

അദ്ദേഹത്തിന്‍റെ കവിതകള്‍ സമ്മാനിച്ചത്‌. പക്ഷെ ഞാന്‍ കവിതയിലേയ്ക്ക്

വരുമ്പോള്‍ ഇദ്ദേഹത്തിനെ അനുഗമിച്ചില്ല കാരണം പരമ്പരാഗതമല്ല  ( 

അക്കാലത്ത് വൃത്തവും അലങ്കാരവുമില്ലാത്ത കവിതകള്‍ പൊതുവേ  ആരും 

അംഗീകരിയ്ക്കില്ല ) എന്നത് തന്നെ. എന്നാലും ആധുനിക കവിത 

അനുഭവിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞിരുന്നു.


    കവിതയുടെ ആധുനീക വഴികളെ അമ്ഗീകരിയ്ക്കാത്ത പാരമ്പര്യ 

വാദികളായ നിരൂപകരുമായി നിരന്തരമായ പോരാട്ടം  നടത്തുന്ന ഒരു 

പോരാളിയായ വിനയചന്ദ്രനെയാണ് പിന്നീട് കണ്ടതു. ഒരിയ്ക്കല്‍ കൊല്ലത്ത് 

വച്ച് നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ വച്ച് ചങ്ങമ്പുഴയ്ക്ക് ശേഷം 

മലയാളത്തില്‍ കവിതയില്ലെന്നു പറഞ്ഞു നടക്ക്ന്ന ഒരു പംക്തികാരനായ 

നിരൂപകനോട് പരസ്യമായി കലഹിയ്ക്കുന്ന കവിയെ കാണാനായി. അതിനു 

സാക്ഷികളായി കുരീപ്പുഴശ്രീകുമാറും, പഴവിള രമേശനും വി.മധുസൂദനന്‍ 

നായരും ഒക്കെയുണ്ടായിരുന്നു. കവിതയിലെ പുതുവഴികള്‍ തുറക്കുന്നതിനും 

രചനയിലെ പുതിയസങ്കേതങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനു വേണ്ടി ശ്രീ. 

വിനയചന്ദ്രന് നടത്തിയിട്ടുള്ള ശ്രമങ്ങള്‍ മലയാളസാഹിത്യലോകം മറക്കില്ല.


 പ്രണയത്തെ ഇത്രയേറെ പ്രണയിച്ച മറ്റൊരു കവി മലയാളത്തില്‍ വേറെ 

കാണില്ല. പ്രകൃതിയെയും മനുഷ്യനെയും പ്രണയവഴികളില്‍ കൂട്ടിയിണക്കിയ

കവിതകള്‍. പിന്നെ കവികള്‍ക്കായി ഒരു ഗ്രാമം –കാവ്യഗ്രമം- അത്      ഡി 

വിനയചന്ദ്രന്റെ ഒരു സ്വപ്നമാണ്. ഇനിയത് അദ്ദേഹത്തിന്‍റെ സ്മാരകമായി 

നമ്മള്‍ പൂര്‍ത്തീകരിയ്ക്കെണ്ടാതാണ്.  


      1998 ഇല്‍ എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനത്തിന് വേണ്ടി 

ഇദ്ദേഹത്തെ ക്ഷണിയ്ക്കാന് കോട്ടയത്ത് എം ജി യൂനിവേഴ്സിറ്റിയില്‍ ചെന്നു. 

എന്നെ അത്ഭുതപ്പെടുത്തുന്ന സ്വീകരണമാണ് ലഭിച്ചത്. 

 ചിരപരിചിതരെപ്പോലെ എത്ര സ്നേഹത്തോടെയുള്ള പെരുമാറ്റം. 

  അതുവരെ ദൂരെ നിന്ന് മാത്രം കണ്ടറിഞ്ഞ കവിയെ ഞാന്‍ ഹൃദയത്തില്‍ 

തൊട്ടറിയുകയായിരുന്നു. വളരെ താല്പര്യപൂര്‍വ്വം എന്റെ കവിതകള്‍ 

വായിച്ചു നോക്കുകയും അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ചെയ്തു.


        പിന്നെ അനേകം അവസരങ്ങളില്‍ ആ സ്നേഹത്തിന്റെ തലോടല്‍, 

എളിമയുടെ തണല്‍ അനുഭവിച്ചു. ഗുരുവെന്നോ സുഹൃത്തെന്നോ 

സഹോദരനെന്നോ വേര്‍തിരിയ്ക്കാന്‍ കഴിയാത്ത സ്നേഹക്കടല്‍. ഇപ്പോള്‍ 

അദ്ദേഹം പറയാത്ത പ്രണയഗീതം പോലെ നെഞ്ചകങ്ങളിലെയ്ക്കു 

ചേക്കേറുന്നു. ഇനിയേത് മന്വന്തരത്തിലാണ് ആ വിനയചന്ദ്രികയില്‍ ഒന്ന് 

മുങ്ങാന്‍ കഴിയുക? വഴിതെറ്റി എത്തുന്ന പുത്തന്‍ തലമുറയെ 

നാട്ടുവഴക്കത്തിന്റെ ഇടവഴിയിലൂടെ നടത്തുന്ന ദിശാസൂചകമായി 

അദ്ദേഹത്തെ  മലയാള കവിതയുടെ വഴിത്താരയില്‍ പ്രതിഷ്ഠിയ്ക്കാം.


സി എന്‍ കുമാര്‍ .

==================================================11-02-2013

No comments: