കവിത

മണൽഘടികാരം


ബഷീര്‍ അലി ആലിയ്ക്കല്‍നിന്റെ മജ്ജകൾ ദ്രവിച്ചുരുകി ,
മാറിടം ചുരത്തുന്ന ദ്രാവകം -
മൊത്തികുടിച്ചു തീർത്തു മെല്ലെ ,
നിന്നിൽനിന്നകന്ന ബാല്യമേ .!രാവിന്റെ പൊയ്കയിൽ കുളിക്കുന്ന ,
വെണ്‍നിലാവിന്റെ നഗ്നതയെ,
രാവുറങ്ങാതെ നോക്കി തുടിപ്പി-
ച്ചൊരെൻ ഉന്മത്ത കൗമാരമേ ...!തിളയ്ക്കും സൂര്യനെ ചുവപ്പിക്കാൻ, 
രക്തം കുടഞ്ഞിട്ടു കണ്ണാടികൾ -
തീർക്കുന്ന യ്വവ്വന കാലത്തിലും, 
നിന്റെ ഹൃദയമുരുകി ഒഴുകി മെല്ലെ-
എന്റെ ചഷകംനിറച്ചു, പ്രണയകാലം...! നിമിഷങ്ങൾ കൊറിച്ചുതിന്നു മെല്ലെ -
നാഴിക,വിനാഴിക ചവച്ചു തുപ്പുന്നൊരീ ,
അലസമാം ജീവിത സായാഹ്നവും ...!ഇടക്കൊക്കെ ഇരുപുറം മാറ്റിവച്ചു ഞാൻ ,
കാലത്തിനെ കളിയാക്കിചിരിക്കാൻ ,
മുന്നിൽ ,മണൽഘടികാരമൊരുക്കി-
ഇന്നീ അപരാഹ്നകാലത്തിലിരിപ്പൂ...!********************************************സ്വപ്നം. 

മരിയ അന്റൂ 


ഓര്‍മ്മകള്‍ക്കൊരു മൂടുപടം തീര്‍ത്തു
ഒളിപ്പിച്ചിടട്ടെ നിന്നെയതിനുള്ളില്‍ 
പ്രിയതരമാകും സ്വപ്നങ്ങള്‍ നെയ്തൊരാ 
വര്‍ണങ്ങളൊക്കെയും മായിച്ചിടട്ടെഞാന്‍.

നഷ്ടദുഖത്തില്‍ തളര്‍ന്നിരുന്നപ്പോള്‍  
ഒരു കുളിര്‍തെന്നലായി നീ എന്നില്‍ നിറയവേ
അതിന്‍റെയൂഷ്മള സ്നേഹ ധാരയില്‍
ഒരു അരുവിയായി ഒഴുകി പടര്‍ന്നു ഞാന്‍.

വെയില്‍പ്പൂക്കളായി എന്നുടെ മോഹങ്ങള്‍
കരിഞ്ഞതറിഞ്ഞു ഞാന്‍ തപിച്ചിടവെ
അറിഞ്ഞു നിന്റെ കരസ്പര്‍ശനം ഒരു
സ്വന്തനമായി എന്നില്‍ നിറഞ്ഞു കവിഞ്ഞത്.


അകലെയെങ്കിലും പ്രണയ പുഷ്പമേ നീ
ഇതളുകള്‍ കൊഴിയാതെ വിടര്‍ന്നു നില്‍ക്കുക
വര്‍ണങ്ങളുറങ്ങുന്നൊരു പൂമ്പറ്റയായി
പുനര്‍ന്ജനിക്കട്ടെ നിനക്കായിവിടെ ഞാന്‍.


********************************

ഉയിര്ത്തെഴുന്നേല്ക്കപ്പെടേണ്ടവര്‍

ബിജ് ലി സുജേഷ്നിങ്ങള്‍ കുരുതികളാണ്
വിചിത്രമായ തെരുവിന്റെ 
ഇടനാഴികളിലെ
ഭ്രമിപ്പിക്കുന്ന 
വെള്ളിവെളിച്ചങ്ങളുടെ 
ആഴങ്ങളിലേക്ക്
അറിയാതെ കാല്‍ തെന്നി 
വീണു പോയ ശലഭജന്മങ്ങള്‍..

വിശ്വാസങ്ങളുടെ 
വര്‍ണ്ണച്ചിറകുകളോരോന്നും
അടര്‍ത്തിയെറിയപ്പെട്ടവര്‍
തിരിച്ചറിവിന്റെ 
കരിമ്പട്ടു പുതച്ചു
മടുപ്പിക്കുന്ന ‍ഏകാന്തതയുടെ
ഒറ്റത്തുരുത്തിലേക്ക് 
പലായനം ചെയ്തവര്‍
പ്രതീക്ഷയുടെ 
കരിന്തിരി കത്തി
മൌനത്തിന്റെ 
ചിതല്‍പ്പുറ്റിനുള്ളില്‍
അഭയം തിരഞ്ഞു പോയവര്‍..
വരള്‍ച്ചയുടെ 
വേനല് ശിഖരങ്ങളില്‍
വ്യര്‍ത്ഥ സ്വപ്നങ്ങളായി 
തൂങ്ങിയാടുന്നവര്‍ ..

നിങ്ങളിനിയും  
ഉയിര്ത്തെഴുന്നേല്ക്കപ്പെടേണ്ടതുണ്ട്
വിരല്‍ത്തുമ്പിലാളുന്ന 
തീപ്പൊരിയില്‍
ഹവിസ്സായെരിയട്ടെ 
ഭൂതായനങ്ങള്‍ ..
കണ്ണിലെ കടുംകെട്ടഴിച്ചു 
വഴി വെട്ടി നീങ്ങുക
‍കാലമിനിയും 
നിങ്ങളുടെ കാലൊച്ച 
കാതോര്‍ക്കുക്കുന്നുണ്ട്..


***********************************************************


ഭിക്ഷു:

റെജി കെ വര്‍ഗ്ഗീസ് നിസ്സഹായതയുടെ ശരശയ്യ..
കുത്തി നോവിക്കുകയാണ് 
സ്മൃതിശരമുനകൾ
താങ്ങാവുന്നതിലും അധികമാണ് വേദനയെങ്കിലും
ഒന്നനങ്ങാൻ പോലുമാവാതെ
ഒന്നുറക്കെ കരയുവാൻ പോലുമാവാത്ത
നിസ്സഹായതയുടെ നിശ്ചലത!
ചുറ്റുപാടെല്ലാം സാധാരണ പോലെ..
ചായം തേച്ച മുഖങ്ങളും
മുഖം മൂടിയണിഞ്ഞ കോലങ്ങളും
വേഷങ്ങളാടുന്നു ..
കണ്ണടച്ചാൽ,
കാഫ്കയുടെ മെറ്റമൊർഫൊസിസ്സിലെ കൂറ
കളിയാക്കിച്ചിരിക്കുന്നു..
കണ്ണു തുറന്നാലോ ..
കണ്മുന്നിലെ ഘടികാര സൂചികൾ
കൂർത്ത സൂചികൾ ഹൃദയത്തെ കീറി മുറിച്ച്,
ഒച്ചിഴയുന്നതിനേക്കാൾ സാവധാനത്തിൽ!
എന്തൊരു കിടപ്പാണിത്!
ഒന്നവസാനിച്ചിരുന്നെങ്കിൽ...
ബോധമെങ്കിലും ഒന്നു മറഞ്ഞിരുന്നെങ്കിൽ..
എവിടെയും രാജാവായിരുന്നൊരാൾ
ഇവിടെ,നിന്റെ മുന്നിൽ മാത്രം ഭിക്ഷു !

========================================================പ്രിയപ്പെട്ട മാഡംജിക്ക് 

സന്ദീപ്‌ നായര്‍ ഊണിലും,ഉറക്കത്തിലും 
ജനക്ഷേമത്തിനായി
ജഗരൂകമാകുന്ന 
മനസുള്ള
പ്രിയപ്പെട്ട മാഡംജി
അറിയുവാൻ

ഒരു തോക്കിന്റെ മുന്നിലോ,
സ്ഫോടനങ്ങളിലോ
ചിന്നിചിതറി പോകുമായിരുന്ന
ജീവിതങ്ങൾക്ക്
"ഭക്ഷ്യ"സുരക്ഷിതത്വത്തിന്റെ സുവർണ
കവചം നല്കിയ മാഡംജി നന്ദി

നിലയും,വിലയും
ഇല്ലാത്തവൾ എന്ന്
കരഞ്ഞു വിലപിച്ചപ്പോൾ
രൂപക്കുട്ടിക്കും നൽകി
വിലപിടിച്ച സമ്മാനങ്ങൾ
നന്ദി മാഡംജി

പെട്രോളിനും,ഡീസലിനും
വില കൂട്ടുമ്പോൾ അംബാനിയുടെ
വിടരുന്ന ചിരിയിൽ ആണ്
ഞങ്ങളുടെ സ്വപ്‌നങ്ങൾ
വിടർന്നു തുടങ്ങുക,
ആ ചിരിയിൽ ആണ്
ഞങ്ങളുടെ പട്ടിണി ശരീരം വിട്ടു
പറന്നകലുന്നത്
നന്ദി മാഡംജി

ഓരോ ദിനവും
'കോൾഗേറ്റ് 'ഉപയോഗിച്ച്,
ഉപയോഗിച്ച് ഞങ്ങളുടെ
പ്രഭാതങ്ങൾ കൂടുതൽ,കൂടുതൽ
വെളുത്തു തുടങ്ങി
നന്ദി മാഡംജി========================================================================


എന്നിൽ കവിത ജനിക്കുമ്പോൾ

-------------------------------------------
ബിജു ജി നാഥ്
എകാന്തതയെന്റെ ജീവിതമാകവേ അഗ്നിയാൽ
നക്കിത്തുടച്ചെന്റെ പ്രജ്ഞയെ കൊന്നനാൾ
ഒരു പകലിൻ തിരിതാഴുമ്പോൾ നമ്രശിരസ്കയായി
എൻ വിരൽത്തുമ്പിലൂടെ അക്ഷരമുരുകിയൊഴുകി.

നിലാവും വെയിലും പകലും രാത്രിയും കടലും
ജീവിതവും പ്രണയവും എന്റെ വിരലുകളിൽ
തളംകെട്ടി നിന്ന കടലായി , കെട്ടഴിഞ്ഞ
കാർകൂന്തലായി ഒഴുകിപടർന്നു ചുറ്റിലും .

ചിതൽതിന്ന വിപ്ലവവും , പുഴുവരിക്കും രതിയും
സ്നേഹപരാഗങ്ങളും സൌഹൃദപുഷ്പങ്ങളും ,
മദംപൂണ്ട മതവുമെന്റെ വിരൽത്തുമ്പിലൂടെ
നീലാകാശത്തിലെ മഴമുകിലായി പടരവേ !

വായനതൻ പാരാവാരങ്ങളിൽ ഞാനൊരു
പാമരനാം അക്ഷരസ്നേഹിയാകവേ, ചുറ്റിലും
കണ്‍തുറക്കുന്ന നക്ഷത്ര വിളക്കുകളിൽ
സാന്ത്വനത്തിന്റെ സൗഹൃദകടലായീ ലോകം .!

ഒരു കവിതയായി ജനിക്കാൻ കൊതിപ്പൂ ഞാൻ
അക്ഷരലോകത്തിൻ നഭോമണ്ഡലത്തിൽ .
ഒരു പൈതലായ് പിച്ചവച്ചീടണം , വരികൾ
തൻ ശരപഞ്ചരങ്ങൾക്കിടയിലൂടെന്നുമെനിക്ക് .

-----------------------------------------------------------------ആസൂത്രണങ്ങളുടെ ബാക്കിപത്രം
ബിനോജ്‌ കാലായില്‍


ഒന്നാം പൂപ്പില്‍

നൂറായ്‌ പൊലിച്ച്‌

കതിര്‍ചൂടി നാണിച്ച്‌

നവവധുവിനെപ്പോലെ

തലകുമ്പിട്ട്‌ നിന്ന

കുളപ്പാല*ക്കതിരുകള്‍

കത്തും മീനച്ചൂടില്‍

കരിയും പതിരായ്‌

പാഴായ്‌ പൊഴിയുന്നത്‌

കാണാന്‍ കഴിയാതെ

ഒരു തീപ്പെട്ടിക്കമ്പിന്‍

ചിലവില്‍ ചിതകൂട്ടി

ഒരു പാവം കര്‍ഷകന്‍

രണ്ടാംപൂപ്പില്‍

കതിര്‍പൊട്ടും മുമ്പേ

മലവെള്ളം മടവീഴ്‌ത്തി

ചതുപ്പായ്‌ മാറിയ

പുഞ്ചപ്പാടം നോക്കി

ചങ്കുതകര്‍ന്ന്‌ വിലപിക്കുന്നു

ഒരു പാവം കര്‍ഷകന്‍

മൂന്നാം പൂപ്പില്‍

ഒന്നും രണ്ടും കണക്കുകള്‍

കൂട്ടിക്കെട്ടിയൊരുമുഴമാക്കി

കളപ്പുരയുടെ വിട്ടത്തില്‍

തലകുമ്പിട്ട്‌ ഞാന്നുകിടപ്പൂ

ഒരു പാവം കര്‍ഷകന്‍
* ഒരു പരമ്പരാഗത നെല്‍വിത്ത്‌


ആര്‍ടിസ്റ്റ് മുളവന എന്‍ എസ് മണിയുടെ രചന============================================================================================കാവ്യനർത്തകി
--------------------ബിജു ജി നാഥ്


ഉറക്കം നഷ്ടമായ
ഏതോ ഒരു രാവിലാണ്
അവൾ എന്റെ പടിയിറങ്ങി പോയത് .
എന്നും എന്റെ മനസ്സിലെ
കിളിവാതിലുകളിൽ
കൊലുസിന്റെ മണിനാദം
മുഴക്കി വന്നിരുന്ന
എന്റെ പ്രിയ.

ഓർമ്മത്താളുകളിൽ
മഷിത്തണ്ട് കൊണ്ട്
ഞാൻ കോറിയിട്ട
അവളുടെ ചിരിയാണ്
പലപ്പോഴും
സിംഹാസനങ്ങളെ
കടപുഴക്കി എറിഞ്ഞിരുന്നത് .

സാമ്രാജ്യങ്ങളെ
കൈവെള്ളയിൽ വച്ച്
ഞാനമ്മാനമാടിയത്
അവളെന്റെ കൂടെ ഉണ്ടായിരുന്നതിനാൽ
മാത്രം ആയിരുന്നു

പരിഭവമായും
സ്നേഹമായും
രതിയുടെ പരാഗമായും
കയ്ക്കുന്ന ദൃതതാളങ്ങൾ ,
ഇടിയൊച്ചകൾ മുഴക്കും
ചുറ്റുപാടുകൾ ആയി
അവൾ എനിക്ക് ചുറ്റും
ഒരു നിഴൽ പോലുണ്ടായിരുന്നു .

ഇന്ന്
കിളിയൊഴിഞ്ഞ
ഒറ്റമരച്ചില്ലയിൽ
ഏകനായി
ഒരു പാഴ്ക്കൂടായി
കാറ്റിന്റെ കൈകളിൽ
അവസാന
വിധി കാത്തു കിടക്കുമ്പോൾ
അകലെ മറ്റൊരു
എഴുത്തുകാരന്റെ
തൂലികയിൽ
അവൾ നൃത്തം ചെയ്തു തുടങ്ങുന്നു .


creation of  Artist Mulavana N S Mony
========================================================================സാരീ വിസ            

            


ജോമിറ്റ്‌ ജോയ്                      
കല്യാണം കഴിഞ്ഞു ഹണീമൂണിന് പോകുമ്പോൾ 


അവൾ പിറുപിറുത്തു , ഇതെന്തൊരു റോഡ്‌ 

മൊത്തം കുഴിയാണല്ലോ .. അതും നിങ്ങടെ ഈ വണ്ടീൽ 

അതൊക്കെ അങ്ങ് ന്യൂയോർക്കിൽ ..നമ്മൾ വായിച്ചുവളർന്ന വായനശാല 

അതുകണ്ടപ്പോൾ പിന്നേം ദെ വന്നു 

നിങ്ങള്ക്ക് ഇതൊക്കെയേ ഉള്ളോ മനുഷ്യ 

കച്ചറകൾ ഇരിക്കുന്ന നിങ്ങടെനാട്ടിലെ വായനശാല 

അതൊക്കെ അങ്ങ് ന്യൂയോർക്കിൽ .....തിരിച്ചുപോകുമ്പോൾ അവൾ പറഞ്ഞു
ചെട്ടായീനെ ഞാൻ രണ്ടുമാസം .. അതിനുള്ളിൽ
അങ്ങോട്ട്‌ കൊണ്ടോകാം ... പോരില്ലേ
കൂടെ ഒരു ചിരീം പിന്നെ പഞ്ചാര ഉമ്മേം

എന്റെ മുത്തെ .. കേറിച്ചെന്നു രണ്ടുമാസംകൊണ്ടാരിഞ്ഞു
സാരിവിസേടെ മാഹാത്മ്യം
പാത്രം കഴുകി , കുഞ്ഞുങ്ങളേം നോക്കി
ഇപ്പൊ വീട്ടിൽ ഇരിപ്പാ ... ആരെലുംവാടെ ചാറ്റിൽ
==================================================കറിയുപ്പ്
ഷംസ് ബാലുശ്ശേരി  
അച്ഛനൊരു 
മുളക് പാടമായിരുന്നു, 
ഉപ്പിനോട് 
അടങ്ങാത്ത 
അത്യാര്‍ത്തിയാണ്. 
പ്രഷറിനു 
ഉപ്പു പാടില്ലത്രേ, 
മൂലക്കുരുവിന് 
ദേഷ്യം ഇരട്ടിക്കുമത്രെ.
ഉപ്പില്ലെങ്കിലും 
അടുക്കള 
കരഞ്ഞതായി 
ഞാനോര്‍ക്കുന്നില്ല.
അമ്മയുള്ളപ്പോള്‍ 
അച്ഛന് ഉപ്പില്ലന്ന 
പരാതിയില്ലായിരുന്നു 
എരിവു തിന്ന് തിന്ന്
തിളച്ചയടുപ്പില്‍ 
വറ്റിപ്പോതാണ് 
വീട്ടിലെയാ ഉപ്പുകടല്‍മയില്‍പ്പീലി
                                          ജയകുമാര്‍ അതിരപ്പിള്ളി
ഹൃദയത്താളില്‍ സുക്ഷിച്ച
മയിപ്പീലി ഇതുവരെ പെരുകിയില്ല
പറയിക്കും പന്തിരുകുലത്തിനും
നാണക്കേടായി
ഒരുവശം ചാഞ്ഞു നോക്കിയപ്പോള്‍
മുഴുവനും പച്ചയായി തീര്‍ന്നു
മറുവശം ചാഞ്ഞു നോക്കിയപ്പോള്‍
മുഴുവനും നീലയായ്‌ത്തീര്‍ന്നു
പടിഞ്ഞാറ് പച്ചയില്‍ നീല പൂത്തു
കിഴക്കുള്ള പച്ചയില്‍ ചോപ്പ് പൂത്തു
സര്‍വതും പൂക്കുന്ന പച്ച
അല്‍പം കുടിക്കട്ടെ ഞാന്‍ .കേക്ക് മരം
                                                   ഇഞ്ചക്കാട്  ബാലചന്ദ്രന്‍
 നിന്റെ വാക്കുകളുടെ മധുരവും 
വിരല്ക്കുളിര്‍മയും ഈ കേക്കിനുണ്ട് .
അപൂര്‍വതകളിലപൂര്‍വ്വം.
അതിനാലാവാം ശാലിനീ 
കൊതിമൂത്ത് നേരത്തേ രുചിച്ചു .
മീനയ്ക്കും മക്കള്‍ക്കും 
പിന്നെ കുഞ്ഞാറ്റയ്ക്കും `പകുത്തു.
(അവളിപ്പോള്‍ അടുത്ത വീട്ടിലെയല്ലല്ലോ ) 
മുഴുത്ത ഒരു കഷണം ഞാന്‍ 
മാറ്റി വയ്ക്കുകയാണ് 
ഒത്തിരിപ്പേര്‍ക്ക് ഈ രുചി മധുരം 
വിതരണം ചെയ്യാനാഗ്രഹം.
വീടിന്റെ മുറ്റത്തു എന്നും 
ശാഖോപശാഖകള്‍ നിവര്‍ത്തി
ഒരു കേക്കുമരം നില്‍ക്കണം .
നാവിലൂടെ ഹൃദയത്തിലേക്ക് 
സ്നേഹവും സൌഹൃദവും 
ആനന്ദവും ഒഴുകണം 
അതിനായ് ഒരായിരം 
മുഴുത്ത കേക്കുകള്‍ കായ്ക്കണം. 
അവന്റെ തിരുനാളില്‍ നാളേ 
ഞാന്‍ നടുന്ന കേക്ക് മരമാകും.
അഞ്ചിനെ അയ്യായിരമാക്കിയോന്‍ 
എനിക്ക് കരുത്ത് ,, പ്രചോദനം.
മണ്ടത്തരമെന്നാവും അല്ലെങ്കില്‍ 
വട്ടെന്നും പറഞ്ഞേക്കാം.
പക്ഷെ എനിക്കുറപ്പുണ്ട് .


ഇശ്ചാശക്തിയും കഠിനാദ്ധ്വാനവും 
വിജയം തരുമെന്ന് അനുഭവം.
ചേട്ടായീ പോകല്ലേ അപകടം.
പ്രഭാത സവാരി മുറിച്ച വാക്കുകളില്‍ 
ഭീതിയുടെ പെരുമ്പറ.
മുല്ലൈപ്പെരിയാര്‍ എങ്കള്‍ക്ക് 
ഇടുക്കി മാവട്ടം എങ്കള്‍ക്ക്.
കാതു തുളച്ച ആരവങ്ങള്‍ക്കിടയില്‍ 
നിലവിളികള്‍ കേട്ടുവോ.
വീടിനെ പൊതിഞ്ഞൊരു പുകമരം.
മാംസവും കേക്കും കരിഞ്ഞ ഗന്ധം .

2 comments:

faisalpakalkuri pakalkuri said...

ellaa kavithakalum oninonnu mechamaanu . aashamsakalode

faisalpakalkuri pakalkuri said...

ellaa kavithakalum nannaayittundu .
aashamsakalode